Tuesday, October 26, 2010

യു.ഡി.എഫിന് മുന്നേറ്റം, രണ്ട് കോര്‍പറേഷന്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കം. കഴിഞ്ഞ തവണ അഞ്ച് കോര്‍പറേഷനുകളിലും ഭരണം നേടിയ എല്‍.ഡി.എഫിന് ഇത്തവണ രണ്ടിടത്ത് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി. എറണാകുളം കൊച്ചി കോര്‍പറേഷനുകള്‍ യു.ഡി.എഫ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിന് തന്നെയാണ്. എന്നാല്‍ കൊല്ലം ഇത്തവണയും എല്‍.ഡി.എഫിനൊപ്പം തന്നെ നിന്നു. മധ്യകേരളത്തിലാണ് യു.ഡി.എഫിന്റെ വ്യക്തമായ മേധാവിത്തമുള്ളത്.

മലപ്പുറം ജില്ലയില്‍ ആറ് നഗരസഭകളില്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫും ചിറ്റൂരിലും പാലക്കാടും യു,ഡി,എഫാണ് മുന്നില്‍. ഷൊര്‍ണൂരില്‍ എല്‍.ഡി.എഫിനാണ് മുന്നിലെങ്കിലും വിമതരും ചില സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. തൃശൂരില്‍ ചാവക്കാട് എല്‍.ഡി.എഫും ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫിനും തന്നെയാണ് മുന്‍തൂക്കം. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സി.പി.എമ്മിന്റെ മേധാവിത്വം ഇത്തവണയും പ്രകടമാണ്. കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്ന് കല്‍പറ്റ നഗരസഭയിലാണ്. വര്‍ഷങ്ങളായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് യുഡി.എഫ് പിടിച്ചെടുത്തത്.

തിരുവനന്തപുരത്ത് ആറ്റിങ്ങലും വര്‍ക്കലുയും എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ നെയ്യാറ്റിന്‍കരയിലും നെടുമങ്ങാട്ടും യു.ഡി.എഫിനാണ് നേട്ടം. കൊല്ലത്ത് കരുനാഗപ്പള്ളി യു.ഡി.എഫിലേക്ക് ചാഞ്ഞപ്പോള്‍ പരവൂരും പുനലൂരും എല്‍.ഡി.എഫാണ് ഭരണത്തിലേക്ക് നീങ്ങുന്നത്. മലപ്പുറത്ത് നിലമ്പൂരൊഴികെ യു.ഡി.എഫ് തരംഗമാണ്. പത്തനംതിട്ടയിലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചു
മദ്ധ്യകേരളത്തില്‍ യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി കോര്‍പ്പറേഷനും തൃശ്ശൂര്‍ കോര്‍പ്പറേഷനും യു.ഡിഎഫിന് പിടിച്ചെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2005-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊതുവേ ഇടതുമുന്നണിക്കൊപ്പമായിരുന്നു ഇരു കൊര്‍പ്പറേഷനുകളും. എന്നാല്‍ ഇത്തവണ സ്ഥിതിമാറി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 37 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്.

കൊച്ചി കോര്‍പ്പറേഷനിലാകട്ടെ 25 സീറ്റിലും. തൃശൂരിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. എം മുരളീധരന്റെ കെട്ടിവെച്ച കാശുപോകുകയും ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷമാണ് കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ജയിക്കുന്നത്.